Dubai, Aug 27 (UNI) A pair of twins,
separated from their Indian parents who are languishing in Saudi Arabian police custody for more than a month in connection with a murder,
will be sent to their grandparents in Kerala.
http://news.oneindia.in/2006/08/27/indian-twins-in-saudi-to-be-sent-to-their-grandparents-in-kerala-1156745992.html
ഈ വാര്‍ത്ത അന്ന് മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചിരുന്നു.
അതിനെ ആസ്പദമാക്കി എഴുതിയ കവിതയാണ് ഇത്.
===============================
താരാട്ടിന്‍ മൃദുലമാം ഗീതം ശ്രവിക്കേണ്ടപ്പോള്‍
തമസ്സിന്‍ ശൂന്യതയില്‍ നോക്കി വിതുമ്പുന്നവര്‍
ആല്‍ബര്‍ട്ടും കെസിയയും കണ്ണുനീര്‍ ത്തുള്ളികളായ്
ആരാരും വിതുമ്പുമാ അശ്രു പ്രളയം കാണ്‍കെ
താതനെ കണ്ടീടാതെ അമ്മയറിഞ്ഞീടാതെ
താരാട്ടു പാടുന്നോരാ രാഗമറിഞ്ഞീടാതെ
നിദ്രയില്‍ മയങ്ങുമ്പോള്‍ ഞെട്ടിയുനര്‍ന്നീടുമ്പോള്‍
നേര്‍ത്തതാം വിലാപത്തില്‍ മാനസം കലങ്ങുമ്പോള്‍
കാത്തു കാത്തിരിക്കുമ്പോള്‍ കണ്ണുകള്‍കഴക്കുമ്പോള്‍
കണ്ണുകള്‍ തുളുമ്പുമാ ചുണ്ടുകള്‍ വിറ കൊള്ളും
പുറമേ ചിരി തൂകും മുഖമായ് നടന്നിടെ
അറിയും ഹൃദയങ്ങള്‍ പ്രിയര്‍ തന്നസാന്നിധ്യം
വിതുമ്പുമാധരങ്ങളില്‍ തിണര്‍പ്പതിന്‍ പാടുകള്‍
വിടരും പുഞ്ചിരിയില്‍ ശോകമിന്‍ ഛവിയതും
വാത്സല്യത്തേന്‍ നുകരാന്‍ മടിയില്‍ തലചായ്ക്കാന്‍
വാരിയെടുത്തിട്ടാനനം മുത്തമില്‍ പൊതിഞ്ഞിടാന്‍
കൊതിയോടിരിക്കുമീ രണ്ടു പിഞ്ചുപൈതങ്ങള്‍.
കരയുന്നിവര്‍ക്കാരു സാന്ത്വനമേകാനെത്തും.
ഈന്തപ്പന തന്‍ നാട്ടില്‍ ജയിലില്‍ വിതുമ്പുമാ
ഈറനണി നയനങ്ങളാകെ വറ്റിവരണ്ടു പോയ്
തീചൂടില്‍ ഉരുകുമാ ഹൃദയങ്ങള്‍ തന്നകം
തീരാത്ത ദുഖമതിന്‍ ഘനമതു താങ്ങിടുമോ
അറേബ്യയില്‍ മണലതിന്‍ കണികയുരുകുമാ
അഗ്നിയാലവിടെയും കത്തിപ്പടര്‍ന്നീടുമോ
ചെയ്തിടാ തെറ്റിന്‍ മാല്യമെന്തിന്നു ചാര്‍ത്തി നിങ്ങള്‍
ചേലേറും പൊന്നോമനകളെയനാഥരാക്കി
നോക്കൊന്നു കണ്ടീടാനായ് കേഴുന്ന മിഴികളില്‍
നിമിഷങ്ങള്‍ തോറുമേ തിളക്കം മങ്ങുന്നുവോ
ഏതേതു കിരാതമാം നീതിന്യായമിവിടെ
ഏതേതു കരിങ്കല്ലില്‍ തീര്‍ത്തതാണാ ചിത്തങ്ങള്‍.
മഞ്ഞുസുമസമമാം രണ്ടു പിഞ്ചുപൈതങ്ങള്‍ക്കു
മുലപ്പാല്‍ നിഷേധിച്ചതെന്തിനു കാട്ടാളന്മാര്‍!.
================================