Thursday, December 13, 2012

നാളെ - കാലം പറയുന്നു

വിദ്രുതം പായുന്ന കാലമേ നില്‍ക്കുക.
വളരുന്നയെന്നോടു കാര്യങ്ങള്‍ ചൊല്ലുക.
ഞാന്‍ കേള്‍ക്കും വാര്‍ത്തയതെത്ര മേല്‍ ഭീകരം!
ഞാന്‍ കാണും കാഴ്ച്ചകളെത്ര മേല്‍ ഭയാനകം!

എങ്ങോട്ടാണു നീയീ ഗമിക്കുന്നതും
എവിടെയെന്താണു നിന്‍ ലക്ഷ്യമതും.
ഉദന്തമിതെല്ലാമേ ഭീകരമോര്‍ക്കുമ്പോള്‍,
ഉരുകുന്നു മനസ്സിന്നു നോവതിനാല്‍..

ഇല്ല!! ഞാന്‍ നില്‍ക്കില്ല , നിമിഷങ്ങള്‍ കുതറുന്നു,
നില്‍പ്പില്ലെനിക്കും തിരമാലയെപ്പോലെ.
കാത്തു ഞാന്‍ നില്‍ക്കില്ല,കൂടെ നീ പോരുക,,
കാലത്തിനൊത്തു കുതിച്ചിടുക..

ഗ്രാമം നശിച്ചതും മനുഷ്യ മനസ്സിന്‍റെ,
ഗര്‍വ്വതു കാട്ടും നിഗമത്തിനാല്‍.
വിളയുന്ന മര്‍ത്ത്യന്‍റെ വികസന ത്വരയാലെ,
വിടരുന്ന പൂക്കള്‍ പൊഴിഞ്ഞിടുന്നു..

കാത്തു നീ നില്‍ക്കണ്ടയെന്നു ഞാന്‍ ചൊല്ലിനാല്‍..
കാരണമേവമതുണ്ടതിന്നും..
സലിലം പോലോഴുകുന്ന ഋതുവതും മൌക്തികം..
സാരമാക്കുന്നതനര്‍ഘമാം നിമിഷങ്ങള്‍..

രമ്യഹര്‍മ്മങ്ങളും നിപതിച്ചു പോയേക്കാം..
രജനിയായീ ഭൂമി കാലം കഴിച്ചെക്കാം..
കഥകളതേവം മറഞ്ഞങ്ങു പോയേക്കാം..
കുടിലുകള്‍ സൌവര്‍ണ്ണ സൌധങ്ങളായെക്കാം..
ആരാരുമറിയാതെ യുഗമതും പിന്നിട്ടാല്‍..
ആരണ്യവും മാറ്റി നഗരം പണിഞ്ഞിടാം..
ശിവഗണം പാര്‍വതി നിവസിക്കും ശൈലങ്ങള്‍..
ഒരു കാലമിലെ മരുഭൂമിയായെക്കാം...

അംബരം താഴോട്ടു നിപതിക്കാം പിന്നെയീ..
അവനിയും കീഴ്മേല്‍ മറിഞ്ഞങ്ങു പോയേക്കാം..
ക്ഷുരകനായുള്ള‍ൊരു ദുര്‍വിധനന്നങ്ങു ..
ക്ഷത്രിയ സ്ഥാനത്തുയര്‍ന്നങ്ങു വന്നേക്കാം..

അരചനന്നെക്കൊരു യാചകനായെക്കാം..
അവശരും മന്നവന്മാരായിത്തീര്‍ന്നിടാം..
ബന്ധങ്ങളെവം തകര്‍ന്നങ്ങു പോയേക്കാം..
ബാന്ധൂരമായവ വൈകൃതമായെക്കാം..

പൊയ്കയതെല്ലാം കലങ്ങി മറിഞ്ഞെക്കാം..
പൊയ്മുഖം മാത്രമീ മണ്ണില്‍ തക തകര്‍ത്താടാം..
സത്യവും നീതിയും ധര്‍മ്മവുമെല്ലാമേ..
സങ്കല്‍പ്പ ലോകത്തെ കാവ്യങ്ങളായെക്കാം..

No comments:

Post a Comment

H